ഞായറാഴ്‌ച, ഫെബ്രുവരി 27, 2011

ഉള്ളില്‍ ഉള്ളത്

ഉള്ളില്‍ ഉള്ളത്
ഒരു കിണറായിരിക്കാം
നിന്റെ താപത്തില്‍ വറ്റിയും
സാമീപ്യത്തില്‍ നിറഞ്ഞും
വിങ്ങുന്ന കിണര്‍.

ഒരു മരമായിരിക്കാം
നിന്റെ തണുപ്പില്‍ തളിര്‍ത്തും
സങ്കടങ്ങളില്‍ ഇലപൊഴിഞ്ഞും പോകുന്ന
തണല്‍മരം.

ഒരു മഴയായിരിക്കാം
നിന്റെ കാറ്റില്‍
ചാഞ്ഞും ചരിഞ്ഞും
പെയ്തു നീളുന്ന മഴ.

ഒരു നിഴലായിരിക്കാം.
നീയില്ലായ്മയില്‍,
താങ്ങില്ലാതെ മാഞ്ഞുപോകുന്ന
മുല്ലവള്ളിയുടെ നിഴല്‍..

ഉള്ളില്‍ ഉള്ളത്
നിന്നില്‍നിന്നും
ഇടയ്ക്കിടെ ഞാന്‍ ആത്മഹത്യ ചെയ്യുന്ന കിണര്‍.!